ഭര്‍തൃവീട്ടില്‍ നിന്ന് കനകദുർഗയെ പുറത്താക്കി

  • 5 years ago
ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗക്ക് ഭര്‍തൃവീട്ടില്‍ പ്രവേശനം നിഷേധിക്കപ്പെട്ടതായി പരാതി

ചികിത്സ കഴിഞ്ഞ് പോലീസ് ഇവരെ തിരികെ വീട്ടിലെത്തിച്ചെങ്കിലും ഭര്‍തൃമാതാവിനും രണ്ട് കുട്ടികള്‍ക്കുമൊപ്പം ഭര്‍ത്താവ് വീടുപൂട്ടി പോയതായാണ് ആരോപണം. ദേശീയ മാധ്യമങ്ങള്‍ അടക്കമുള്ളവ റിപ്പോര്‍ട്ടുചെയ്തതാണ് ഇക്കാര്യം. എന്നാല്‍, സംഭവത്തെപ്പറ്റി ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് കനകദുര്‍ഗ പറഞ്ഞു.ഭര്‍തൃമാതാവില്‍നിന്ന് മര്‍ദ്ദനമേറ്റതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന അവര്‍. ചൊവ്വാഴ്ച തിരികെ എത്തിയപ്പോള്‍ ഭര്‍തൃകുടുംബം ഇവരെ പുറത്താക്കിയതെന്നാണ് ആരോപണം. പോലീസ് സുരക്ഷയില്‍ സഖി വണ്‍ സ്റ്റോപ്പ് സെന്ററിലാണ് കനകദുര്‍ഗ്ഗ ഇപ്പോള്‍ കഴിയുന്നത്. അതേസമയം ഭര്‍തൃവീട്ടുകാരുടെ നടപടിക്കെതിരേ അവര്‍ ജില്ലാ വയലന്‍സ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്ക് പരാതി നല്‍കിയിരുന്നു. ബന്ധപ്പെട്ടവര്‍ പരാതി കോടതിക്ക് കൈമാറിയതായും കോടതി വിധിക്കായി കാത്തിരിക്കുകയാണെന്നും അവര്‍ ഒരു ദേശീയമാധ്യമത്തോട് പ്രതികരിച്ചു.
തന്റെ കാര്യങ്ങളില്‍ എന്തെങ്കിലും തീര്‍പ്പുണ്ടായശേഷം മാത്രമേ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ താത്പര്യമുള്ളൂവെന്നും കനകദുര്‍ഗ്ഗ പറഞ്ഞു.
ശബരിമല ദര്‍ശനം കഴിഞ്ഞയാഴ്ച പുലര്‍ച്ചെ വീട്ടിലത്തിയ കനകദുര്‍ഗയെ ഭര്‍ത്താവിന്റെ അമ്മ പട്ടിക കൊണ്ട് തലക്കടിക്കുകയായിരുന്നു. സുരക്ഷയൊരുക്കാന്‍ സ്ഥലത്തുണ്ടായിരുന്ന പൊലീസ് കനകദുര്‍ഗയെ പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രിയിയിലേക്കും അവിടെ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും മാറ്റുകയായിരുന്നു.തുടര്‍ന്ന് കനകദുര്‍ഗയുടെ പരാതിയെത്തുടര്‍ന്ന് 341 ,324 വകുപ്പ് പ്രകാരം തടഞ്ഞുനിര്‍ത്തിയതിനും മര്‍ദ്ദിച്ചതിനും ഭര്‍തൃമാതാവിനെതിരേ പോലീസ് കേസെടുത്തിരുന്നു. അതേസമയം ജീവനും സ്വത്തിനും ഭീഷണി ഉണ്ടെന്നും മുഴുവന്‍ സമയ സുരക്ഷയൊരുക്കണമെന്നും ആവശ്യപ്പെട്ട് ശബരിമലയില്‍ പ്രവേശനം നേടിയ ബിന്ദുവും കനക ദുര്‍ഗയും സുപ്രീംകോടതിയെ സമീപിസിച്ചിരുന്നു.
ഇതിൽ ഇവർ അനുകൂല വിധി സമ്പാദിക്കുകയും ചെയ്തിരുന്നു.

Recommended