ടീം ഇന്ത്യ കാണട്ടെ ഈ പ്രകടനം
  • 4 years ago
ഇന്ത്യൻ ടീമിനൊപ്പം രണ്ട് സീരിസുകളിൽ ടീമിൽ ഉൾപ്പെടുക. ടീമിലെ പ്രധാന വിക്കറ്റ് കീപ്പറായ ഋഷഭ് പന്ത് തുടരെ മോശം പ്രകടനം കാഴ്ച്ചവെക്കുമ്പോഴും തുടർച്ചയായി അവഗണന നേരിടുക. ഒരൊറ്റ മത്സരവും കളിക്കാതെ വീണ്ടും ആഭ്യന്തര ക്രിക്കറ്റിലേക്ക്. ഒരു ശരാശരി യുവതാരത്തിന്റെ ആത്മവിശ്വാസം തളർത്തുന്നതിന് ഇതെല്ലാം പക്ഷേ ആവശ്യത്തിലധികമായിരിക്കും. എന്നാൽ തന്നെ തളർത്താൻ ഇത്രയും പോരെന്ന് തെളിയിച്ചിരിക്കുകയാണ് കേരളത്തിന്റെ ചുണക്കുട്ടി. തനിക്ക് അവസരങ്ങൾ നിഷേധിച്ച ഓരോരുത്തരോടുമുള്ള മറുപടി പോലെ കേരളാ രഞ്ജി ടീമിൽ തിരിച്ചെത്തി ആദ്യ മത്സരത്തിൽ തന്നെ സെഞ്ച്വറി സ്വന്തമാക്കിയിരിക്കുകയാണ് സഞ്ജു.

തുമ്പ സെന്റ് സേവേഴ്യസ് ഗ്രൗണ്ടില്‍ നടക്കുന്ന രഞ്ജി ട്രോഫിയില്‍ ബംഗാളിനെതിരേ ആയിരുന്നു സഞ്ജുവിന്റെ ശതകം. 14 ബൗണ്ടറികളും ഒരു സിക്സറുമടക്കം 154 പന്തിൽ നിന്നുമാണ് സഞ്ജു 100 റൺസ് സ്വന്തമാക്കിയത്. ഇതിൽ ആദ്യ 50 റൺസുകൾ സഞ്ജു നേടിയത് വെറും 71 പന്തിൽ നിന്നാണ്.

മത്സരം 61 ഓവർ പിന്നിടുമ്പോൾ മൂന്ന് വിക്കറ്റിന് 180 റൺസെന്ന നിലയിലാണ് കേരളം. 5 റൺസ് നേടിയ രാഹുൽ പി 9 റൺസെടുത്ത ജലജ് സക്സേന 10 റൺസോടെ സച്ചിൻ ബേബി എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. മത്സരത്തിൽ 15 റൺസ് എടുക്കുന്നതിനിടയിൽ തന്നെ കേരളത്തിന് 2 വിക്കറ്റുകൾ നഷ്ടമായിരുന്നു. സ്കോർ 53 റൺസിലെത്തിയപ്പോൾ സച്ചിൻ ബേബിയും പുറത്തായി.ശേഷം നാലാം വിക്കറ്റിൽ ഒത്തുചേർന്ന സഞ്ജുവും ഉത്തപ്പയും ചേർന്നാണ് കേരളാ സ്കോർ ഉയർത്തിയത്. സഞ്ജുവിനോപ്പം 43 റൺസുമായി ഉത്തപ്പയാണ് ക്രീസിലുള്ളത്.
Recommended