കുമ്മനം രാജശേഖരൻ ഇത്തവണ എവിടെ മത്സരിക്കും?

  • 5 years ago
കേരളത്തില്‍ ബിജെപിക്ക് ഒരു മുഖമുണ്ടോ എന്ന് ചോദിച്ചാല്‍ നിരവധി പേരുടെ മുഖങ്ങള്‍ ഓര്‍മയിലേക്ക് വരും. എന്നാല്‍ ബിജെപി കേരളത്തില്‍ ഒരു പേരുണ്ടാക്കുന്നത് കുമ്മനം രാജശേഖരന്‍ സംസ്ഥാന അധ്യക്ഷനായപ്പോഴാണ്. നിലവില്‍ മിസോറം ഗവര്‍ണറാണ് കുമ്മനം. അദ്ദേഹത്തെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടക്കി കൊണ്ടുവരണമെന്ന ആവശ്യം വീണ്ടും ശക്തമായിരിക്കുകയാണ്. ദേശീയ നേതൃത്വം അനുവദിച്ചാല്‍ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങി വരുമെന്ന് അദ്ദേഹം പറയുകയും ചെയ്തു. കേരളത്തിലെ ബിജെപി ഘടകത്തെ ഒരു പരിധി വരെ വിഭാഗീയതയില്‍ നിന്ന് പുറത്തുകടക്കാന്‍ സാധിച്ചത് കുമ്മനത്തിന്റെ നേട്ടമാണ്. വി മുരളീധരന്‍ സംസ്ഥാന അധ്യക്ഷനായതിന് ശേഷം ബിജെപിയെ കേരളത്തിലെ സുപ്രധാന പാര്‍ട്ടികളുടെ നിരയിലെത്തിച്ചത് കുമ്മനം രാജശേഖരനാണ്.

കേരളത്തിലെ ഹിന്ദു സംഘടനകളുടെ മുന്നില്‍ നിന്നായിരുന്നു കുമ്മനം രാജശേഖരന്റെ വളര്‍ച്ച. മാധ്യമപ്രവര്‍ത്തകനായിട്ടായിരുന്നു തുടക്കം. ദീപിക, കേരള ദേശം, കേരളഭൂഷണം പോലുള്ള പത്രങ്ങളില്‍ പ്രവര്‍ത്തിച്ച ശേഷം അദ്ദേഹം മാധ്യമപ്രവര്‍ത്തനം ഉപേക്ഷിക്കുകയും, പിന്നീട് വിശ്വഹിന്ദു പരിഷത്തിന്റെ മുഴുവന്‍ സമയ പ്രചാരകായി മാറുകയുമായിരുന്നു. 1980 മുതല്‍ 2000 വരെയുള്ള വര്‍ഷങ്ങളില്‍ അദ്ദേഹത്തെ ഏറ്റവും പ്രശസ്തനാക്കിയത് നിലയ്ക്കല്‍ പ്രക്ഷോഭമാണ്. ഇതിനിടയില്‍ തന്നെ തീപ്പൊരി പ്രസംഗങ്ങളുമായി ഹിന്ദു സംരക്ഷണം എന്ന നിലപാടാണ് കുമ്മനം എടുത്തിരുന്നത്. നിലയ്ക്കലില്‍ ക്രിസ്ത്യന്‍ പള്ളി സ്ഥാപിക്കാനുള്ള നീക്കത്തെ ഏറ്റെടുത്ത് അത് ഹിന്ദുക്കളുടെ സമരമാക്കി മാറ്റിയതില്‍ കുമ്മനം വഹിച്ച പങ്ക് വലുതായിരുന്നു.

കേരളത്തില്‍ ബിജെപിയടക്കമുള്ള ഹിന്ദു സംഘടനകള്‍ പ്രശസ്തമാകുന്നതും ഇതിന് ശേഷമാണ്. 1983ല്‍ നിലയ്ക്കല്‍ മഹാദേവ ക്ഷേത്രത്തിനടുത്തായി തന്റെ ഇടവകയിലെ രണ്ടംഗങ്ങള്‍ തോമാശ്ലീഹ സ്ഥാപിച്ച കല്‍ക്കുരിശ് കണ്ടെത്തിയെന്ന് ഒരു ഫാദര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഈ സ്ഥലം 18 മലകള്‍ ചേര്‍ന്ന അയ്യപ്പന്റെ പൂങ്കാവനമാണെന്ന് ഹിന്ദുക്കള്‍ കണക്കാക്കുന്നു. ഇവിടെ പള്ളി നിര്‍മിക്കാനുള്ള നീക്കങ്ങളാണ് ഹിന്ദുക്കള്‍ എതിര്‍ത്തത്. വലിയ പ്രക്ഷോഭങ്ങള്‍ അന്ന് കേരളത്തില്‍ ഉണ്ടായി. ഇതിന് നേതൃത്വം നല്‍കിയത് കുമ്മനം രാജശേഖരനായിരുന്നു. അതേസമയം നിലയ്ക്കലില്‍ കണ്ടെത്തിയ കുരിശിന്, ചരിത്ര പഠനത്തില്‍ 18ാം നൂറ്റാണ്ടിനപ്പുറം പഴക്കമില്ലെന്ന് കണ്ടെത്തി. തുടര്‍ന്ന് നിരവധി ചര്‍ച്ചകള്‍ക്ക് ശേഷം പള്ളി ഇതിന് പുറത്ത് നിര്‍മിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

നിലയ്ക്കല്‍ സമരത്തിന് ശേഷം തീപ്പൊരു നേതാവെന്ന നിലയിലാണ് കുമ്മനത്തെ കേരളം അറിഞ്ഞത്. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ ഒരേസമയം മതപരവും രാഷ്ട്രീയപരവുമായിരുന്നു. മാറാട് കലാപത്തിന് ശേഷം ഹിന്ദു ഐക്യവേദി നടത്തിയ പ്രതിഷേധങ്ങളിലും കുമ്മനം നിറഞ്ഞു നിന്നിരുന്നു. ആറന്മുള വിമാനത്താവള വിരുദ്ധ സമരത്തിലും നിറസാന്നിധ്യമായിരുന്നു കുമ്മനം. 2015ലാണ് അദ്ദേഹം സജീവ രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമാകുന്നത്. അതുവരെ പാര്‍ട്ടിയില്‍ ഉണ്ടായിരുന്നവരെയെല്ലാം കടത്തിവെട്ടിയ നിയമനമായിരുന്നു ഇത്. വി മുരളീധരന് ശേഷം ആരാകും എന്ന ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെയാണ് അപ്രതീക്ഷിതമായി കുമ്മനം സംസ്ഥാന അധ്യക്ഷനാകുന്നത്. ഇവിടെ നിന്നാണ് ബിജെപി സംസ്ഥാനത്ത് കൂടുതല്‍ വളര്‍ച്ച നേരിട്ടത്.

സംസ്ഥാന സര്‍ക്കാരിനെ പല വിഷയങ്ങളില്‍ കടന്നാക്രമിക്കുന്ന ശൈലി തന്നെയാണ് കുമ്മനം സ്വീകരിച്ചത്. ഇതിന് മുമ്പ് കുമ്മനം ശ്രദ്ധിച്ചത് പാര്‍ട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോകാനാകുമെന്നാണ്. മുരളീധരന്‍ വിഭാഗം, എംടി രമേശ് വിഭാഗം, എന്നിങ്ങനെ പല തട്ടിലായി നിന്നവരെ ഒരുമിച്ച് കൊണ്ടുപോകാനായിരുന്നു കുമ്മനം ശ്രദ്ധിച്ചത്. ഇതിനിടയില്‍ ചില വിവാദങ്ങള്‍ കുമ്മനത്തെ പരിഹാസ്യനാക്കുകയും ചെയ്തു. മെട്രോ റെയില്‍ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രിക്കൊപ്പം ക്ഷണിക്കാതെ എത്തിയത് പോലുള്ള വിവാദങ്ങളാണ് അദ്ദേഹത്തെ പരിഹാസ്യനാക്കിയത്. പക്ഷേ ഇത്രയൊക്കെയാണെങ്കില്‍ ബിജെപിയില്‍ വിഭാഗീയത കുറഞ്ഞ സമയം കുമ്മനം അധ്യക്ഷനായപ്പോഴാണ്. എന്നാല്‍ അപ്പോഴും തിരഞ്ഞെടുപ്പ് വിജയം ബിജെപിയില്‍ നിന്ന് അകന്ന് നിന്നു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ അടക്കം ബിജെപി വോട്ട് വര്‍ധിച്ച് വന്നത് കുമ്മനത്തിന്റെ വരവിന് തൊട്ട് മുമ്പായിരുന്നു. പാലക്കാട്, കോഴിക്കോട്, കാസര്‍കോട്, തിരുവനന്തപുരം എന്നീ ജില്ലകളിലെ സുപ്രധാന മേഖലകളില്‍ ബിജെപി വലിയ വളര്‍ച്ചയാണ് നേടിയത്. പല സ്ഥലത്തും രണ്ടാം സ്ഥാനത്ത് വരെയെത്താനും പാലക്കാട് നഗരസഭയില്‍ മുന്നിലെത്താനും ബിജെപിക്ക് സാധിച്ചു. കോഴിക്കോട് സിപിഎമ്മിന്റെ മുസ്ലീം ലീഗിന്റെയും കോട്ടയായ ബേപ്പൂര്‍, മാറാട്, കാരപറമ്പ് തുടങ്ങിയ മേഖലകളില്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ വിജയം നേടാനും ബിജെപിക്ക് സാധിച്ചു. ഇതെല്ലാം ഇപ്പോഴും ബിജെപിയുടെ ശക്തമായ കോട്ടയായി നില്‍ക്കുന്നത് കുമ്മനത്തിന്റെ ഇടപെടല്‍ കൊണ്ടായിരുന്നു. ചരിത്രത്തിലാദ്യമായി നിയമസഭയില്‍ ബിജെപിക്ക് അക്കൗണ്ട് തുറന്നതും കുമ്മനം രാജശേഖരന്‍ സംസ്ഥാന അധ്യക്ഷ പദവിയില്‍ ഇരിക്കുമ്പോഴാണ്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് അദ്ദേഹത്തെ ഗവര്‍ണറായി നിയമിച്ചത് ബിജെപിയുടെ പ്രവര്‍ത്തനത്തെ ബാധിച്ചു എന്ന് ഉറപ്പാണ്. കുമ്മനം തിരിച്ചുകൊണ്ട് വന്ന് മത്സരിക്കുമോ എന്ന് മാത്രമാണ് ഇനി അറിയാനുള്ളത്. കേരളത്തിലെ ബിജെപി നേതാക്കളില്‍ ഏറ്റവും സ്വാധീന ശേഷിയുള്ളത് ഇപ്പോഴും കുമ്മനം രാജശേഖരന് തന്നെയാണ്.

Recommended