oneplus 6t mclaren edition launched in india

  • 5 years ago
20 മിനിറ്റിൽ ചാർജ്; വൺപ്ലസ് 6 ടി മക്‌ലാരന്‍ എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍


മക്‌ലാരന്‍ റേസിങ് ടീമിന്റെ നേട്ടങ്ങളും വേഗതയും ആഘോഷിക്കുന്ന ആകര്‍ഷകമായ പാക്കേജിങുമായാണ് വണ്‍പ്ലസ് 6ടി മക് ലാരന്‍ എഡിഷന്‍

ചൈനീസ് സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ വണ്‍പ്ലസ് പുതിയ സ്മാര്‍ട്‌ഫോണ്‍ പതിപ്പ് ഇന്ത്യയില്‍ പുറത്തിറക്കി
ഫോര്‍മുല വണ്‍ ടീമായ മക്‌ലാരനുമായി സഹകരിച്ചാണ് വണ്‍പ്ലസ് പുതിയ വണ്‍ പ്ലസ് 6 ടി സ്മാര്‍ട്‌ഫോണിന്റെ മക്‌ലാരന്‍ എഡിഷൻ പുറത്തിറക്കിയത്. സാധാരണ പതിപ്പുകളേക്കാള്‍ വിലക്കൂടുതലുള്ള പതിപ്പാണ് ഇത്. ഇന്ത്യയില്‍ 50,999 രൂപയാണ് ഫോണിന് വില. ഡിസംബര്‍ 15 മുതല്‍ ഫോണിന്റെ വില്‍പന ആരംഭിക്കും.മക്‌ലാരന്‍ റേസിങ് ടീമിന്റെ നേട്ടങ്ങളും വേഗതയും ആഘോഷിക്കുന്ന ആകര്‍ഷകമായ പാക്കേജിങുമായാണ് വണ്‍പ്ലസ് 6ടി മക് ലാരന്‍ എഡിഷന്‍ പുറത്തിറക്കിയിരിക്കുന്നത്. മക്ലാരന്റെ ലോഗോയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് ഫോണിന്റെ ബോക്‌സ് രൂപകല്‍പന ചെയ്തിരിക്കുന്നത്.
ഫോണിന്റെ രൂപകല്‍പനയിലും ചില മാറ്റങ്ങളുണ്ട്.
കാര്‍ബണ്‍ ഫൈബര്‍ ഉപയോഗിച്ചാണ് വണ്‍പ്ലസ് 6ടി മക്‌ലാരന്‍ എഡിഷന്റെ ഗ്ലാസ് ബാക്ക് പാനല്‍ നിര്‍മിച്ചിരിക്കുന്നത്. പ്രത്യേകം കറുപ്പ് ഓറഞ്ച് നിറങ്ങള്‍ ഉള്‍പ്പെടുത്തി രൂപകല്‍പന ചെയ്ത ചാര്‍ജര്‍ അഡാപ്റ്ററും. ഓറഞ്ച് നിറത്തിലുള്ള യുഎസ്ബി കേബിളും കറുപ്പ് നിറത്തിലുള്ള ബാക്ക് കേയ്‌സും ഫോണിനൊപ്പം ലഭിക്കും.
അതിവേഗ ചാര്‍ജിങ് കഴിവുകളുള്ളതാണ് പുതിയ അഡാപ്റ്റര്‍. 20 മിനിറ്റില്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ഇതുവഴി സാധിക്കും.
കൂടാതെ മക്‌ലാരന്‍ എംഎല്‍സി33 ഫോര്‍മുല വണ്‍ കാര്‍ നിര്‍മിക്കാന്‍ ഉപയോഗിച്ച കാര്‍ബണ്‍ ഫൈബറില്‍ നിര്‍മിതമായ മക്‌ലാരന്‍ ലോഗോയും ഫോണിനൊപ്പമുണ്ട്.ഒരു ഡ്യുവല്‍ സിം സ്മാര്‍ട്‌ഫോണായ വണ്‍പ്ലസ് 6ടി മക്‌ലാരന്‍ എഡിഷനില്‍ ആന്‍ഡ്രോയിഡ് 9.0 പൈ അടിസ്ഥാനമാക്കിയുള്ള കളര്‍ ഓഎസ് ആണുള്ളത്. 1080 x 2340 പിക്‌സല്‍ റസലൂഷനില്‍ 6.41 ഇഞ്ച് ഫുള്‍ എച്ച്ഡി അമോലെഡ് ഡിസ്‌പ്ലേയുള്ള ഫോണില്‍ ക്വാല്‍കോം സ്‌നാപ് ഡ്രാഗണ്‍ 845 പ്രൊസസര്‍ ആണുള്ളത്. 10 ജിബി റാമും 256 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജും ഉണ്ടാവും.
മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിക്കാനുള്ള സൗകര്യം ഉണ്ടാവില്ല. ക്യാമറയിലേക്ക് നോക്കുമ്പോള്‍. ഫോണില്‍ നല്‍കിയിട്ടുള്ള ഡ്യുവല്‍ റിയര്‍ ക്യാമറയില്‍ 16 മെഗാപിക്‌സലിന്റെ സോണി ഐഎംഎക്‌സ് 519 സെന്‍സറും 20 മെഗാപിക്‌സല്‍ സോണി ഐഎംഎക്‌സ് 376കെ സെന്‍സറുമാണ് ഉള്ളത്. സെക്കന്റില്‍ 60 ഫ്രെയിംസ് വേഗതയില്‍ 4കെ വീഡിയോകള്‍ പകര്‍ത്താന്‍ ഇതിലാവും.
16 മെഗാപിക്‌സലിന്റേതാണ് സെല്‍ഫി ക്യാമറ.
4ജി വോള്‍ടി, ഡ്യുവല്‍ ബാന്‍ഡ് വൈഫൈ 802.11എസി, ബ്ലൂടൂത്ത് വി5.0, എന്‍എഫ്‌സി, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി തുടങ്ങിയ കണക്റ്റിവിറ്റി സൗകര്യങ്ങളുണ്ട്. 3700 എംഎഎച്ച് ബാറ്റിയാണ് ഫോണിലുള്ളത്.

Recommended